വേർപെടുത്തിയ കാഴ്ചകൾ

Saturday, January 29, 2011

പച്ചക്കറികൊണ്ടൊരു ഇടക്കാലആശ്വാസം...!!?





ഒരുകൂട്ടാനുള്ള ഒരുക്കത്തിലായിരുന്നു സഹധർമ്മിണി..
സ്വരുക്കൂട്ടിവച്ചത് കണ്ടപ്പോൾ വലിയമോൾക്ക് ഒരുപൂതി,വരച്ചാലോ...?
ഇളയവളും ഒരുങ്ങി...

വരമുട്ടിയ വരയനായൊരു തന്തമനം ഒരു ജെ.എസ്.ഇ.ബി കണക്കേ കോരിത്തരിച്ചു..! കാൻ വാസ് ആവശ്യത്തിനനുസരിച്ച് മുറിക്കുന്നതിനിടെ ഞാൻപറഞ്ഞു.. രണ്ട് മണിക്കൂറിൽ അധികമാവാൻ പാടില്ല!.
ഇത് വെള്ളരിയ്ക്കാപട്ടണമൊന്നുമല്ല ആകെയുള്ളഎക വെള്ളരിക്ക് വേറെ ചുറ്റുപാടുണ്ട്!
എന്നാൽ എന്റെ കാന്‍വാസിൽ ഇപ്പതന്നെ വരച്ചോ എന്നും പറഞ്ഞ് ഇളയവൾ ദൌത്യത്തില്‍ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചു..!

നില്ക്കക്കള്ളികൾ മങ്ങിത്തുടങ്ങി! ഒരുകൈ നോക്കാൻ തന്നെ തീരുമാനിച്ചു..!
ബ്രഷെടുത്ത് സടകുടഞ്ഞു! പാലറ്റെടുത്ത് പെയ്ന്റെടുത്ത് പിന്തുണപ്രഖ്യാപിച്ച് വാമഭാഗവും..!
 ഒന്നരമണിക്കൂറ് കൊണ്ട് തന്നെ പെയ്ന്റിങ്  തയാര്‍...! അല്ലറചില്ലറതൊട്ട്തടവലുകൾ മാത്രമേ വേണ്ടൂ ഈ വെള്ളരിയും മാങ്ങയും കത്തിയും പലകയുമൊക്കെ ഇനിമുതൽ കാന്‍വാസിൽ ജീവിക്കും!

വലിയമകൾക്ക് അഭിമാനം !
ഇപ്പാനെപ്പോലെ ഞാനും വരച്ചു!
ചെറിയവൾക്ക് സങ്കടം എനിയ്ക്ക് തന്നെ വരച്ചാൽ മതിയായിരുന്നു!
തായ് മനം ആശ്വാസമരുളി..
നോക്ക് എത്ര നാളുകൾക്ക് ശേഷമാണു ഇപ്പ ഇതുപോലെ വരച്ച് കാണുന്നത്....!!

വല്ല്യപഴക്കമില്ലാത്തതൊന്ന് പോസ്റ്റാന്‍ ഇതെയിപ്പോള്‍ നിര്‍വാഹമുള്ളു..

  കൊല്ലമൊന്ന് കഴിഞ്ഞു ഈകലാപ്രകടനം കഴിഞ്ഞിട്ട്.
പോസ്റ്റുമ്പോൾ ഒരുപുതുമയ്ക്ക്  ഒരു അടിക്കുറിപ്പായിരുന്നു ഉദ്ധേശം, എഴുതി വന്നപ്പോള്‍ ഒരുവെടിക്കുറിപ്പായോഎന്ന് സംശയം..!  ബോറടിപ്പിച്ചെങ്കിൽ സദയം മാപ്പ്...!

Wednesday, January 26, 2011

പരദേശക്കുറിപ്പ്

കിനാക്കള്‍
കുന്നിക്കുരുവിന്‍ കൊച്ചു കിനാക്കള്‍
നിറച്ച നിന്‍ കുറി വന്നപ്പോള്‍
നിറഞ്ഞൊരുള്ളം പിടിച്ചു നിര്‍ത്തി
ഇരുട്ട്യനട്ടഹസിച്ചപ്പോള്‍
പെരുത്ത വേനലതൂറ്റിയ കോട്ട-
പ്പുഴയെന്നുള്ളില്‍ തേഞ്ഞപ്പോള്‍
അമ്പാഴങ്ങേ  അമ്പടി നീയും
അമ്പേ നാടു വെടിഞ്ഞപ്പോള്‍
അമ്പിളിയോലും മധുരപ്പുളിയും
ആവഴി പോയി മറഞ്ഞപ്പോള്‍
ഈമിഴി പെയ്യുന്നയ്യോ കരളും
ഇരുട്ട്യനെപ്പോലലറുന്നു
വരണ്ടു ചങ്കും കോട്ടപ്പുഴപോല്‍
വിരണ്ടു പോയെന്‍ കനവുകളും
കുന്നിക്കുരുവിന്‍ കൊച്ചു കിനാക്കള്‍
നിറച്ച നിന്‍ കുറി വന്നപ്പോള്‍
----------------------------------------
   ഇന്നും  മുറപ്രകാരം പോസ്റ്റേണ്ടുന്ന സുദിനം,മാറാപ്പഴിച്ചു തപ്പി,ഇങ്ങനെയൊന്ന് !...
കൂടുതല്‍ ആലോചിക്കുന്നില്ല ..ഏറ്യാ മൂന്ന് അല്ലങ്കില്‍ നാല് ! നന്ദിപ്രകാശനം, അങ്ങനെ ആകെമൊത്തം ടോട്ടലായിട്ട്  കിട്ടാന്‍ പോകുന്ന അഭിപ്രായങ്ങളുടെ എണ്ണം ഒരുകൈയ്യിലൊതുങ്ങും!..
രണ്ട് കൈയ്യും കൂട്ടിപ്പിടിച്ച് ഞാനെണ്ണും , പത്താകുകയും ചെയ്യും!.
കൂട്ടത്തിലൊരു കൂപ്പുകൈയ്യും!
സ്വാഗതം!..
ഒരിക്കല്‍ കൂടി ഒരുസമര്‍പ്പണം!
അതെ, പരദേശത്തിന്റേ പഴയ പ്രകോപനങ്ങള്‍ , പ്രലോഭനങ്ങള്‍ ,പ്രചോദനങ്ങള്‍!..

   പ്രശാന്തമായ വര്‍ത്തമാനകാല  പകര്‍ത്തെഴുത്തിനു ഇരട്ടി മധുരം തോന്നുന്നു !.
ബിസ്മില്ലാ....