വേർപെടുത്തിയ കാഴ്ചകൾ

Wednesday, May 23, 2012

MUKHTHAR (മുക്താര്‍ ഉദരംപൊയില്‍)((“മുഖ്താര്‍ ഉദരം പൊയില്‍” എന്റെ ഒരു കാരിക്കേച്ചര്‍))
കൂയ്...പൂയ്.....  ആണ്ട് തോറും 30 വയസ്സ് ആഘോഷിക്കുന്ന സുഹൃത്ത് പതിവു പോലെ  ഈവര്‍ഷത്തെ മുപ്പതാണ്ട് കൊണ്ടാട്ടത്തിന്  ഒരു പടം വേണം എന്ന് പറഞ്ഞപ്പോള്‍ വരഞ്ഞതാണ് ..
“പ്രിയസുഹൃത്തിന് നിത്യ മുപ്പതാശംസകളോടെ”

എന്റെ വരകളില്‍ എന്നെ ഏറെ സഹായിക്കുന്ന എന്റെ മകള്‍ ജുമാന തീര്‍ച്ചയായും
നിങ്ങളുടെ പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിക്കുന്നു.

Tuesday, May 01, 2012

ഒഴിവുകാലം ഒരോര്‍മ്മക്കാലം...!

             പന്തീരാണ്ടിനു ശേഷമായിരുന്നു കഴിഞ്ഞ അവധിയാത്ര ,  നീണ്ട ഒരുക്കങ്ങള്‍ക്ക് ശേഷം പ്രവാസത്തിന്റെ ഊഷരതകളില്‍നിന്നും പറന്നുയരുമ്പോള്‍ നേരം പത്തര രാവ് . ഗമനാഗമന വീഥിയിലേ വെളിച്ചസ്രോതസ്സുകളേ പിന്നിലാക്കി പ്രഭാപൂരങ്ങളില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന പട്ടണ പ്രൌഢിയ്ക് മുകളിലൂടെ സ്വപ്നസമാനമായ   യാത്രാരംഭം , ആതിഥേയത്വത്തിലെ ജെറ്റത്തരങ്ങള്‍ക്കും മുമ്പെ പറക്കുന്ന മനസ്സാം അശ്വത്തെ നിയന്ത്രിക്കാന്‍ പാട് പെടുകയായിരുന്നു , സാഗരക്കാഴ്ചകള്‍ക്ക് മേലേ താഴ്ന്ന് പറക്കുമ്പോള്‍ നുര ഞൊറിയുന്ന കപ്പല്‍പാടുകളില്‍  മനസ്സും നീന്തിത്തുടിച്ചു .  ഒരു വ്യാഴവട്ടത്തിനും മുമ്പ് , അന്ന് വിമാനത്താവളം വരെ അനുഗമിച്ച പ്രിയമേറെ തന്ന പിതാവ് ....  പരദേശപ്പൊറുതി തന്ന വീടാകടങ്ങളുടെ ശ്രേണിയില്‍ ഉമ്മയുടെ വിടവാങ്ങലിന്റെ അഞ്ചാം കൊല്ലത്തില്‍ ....,   വന്ന് അധിക നാളാകുന്നതിനും മുന്‍പായിരുന്നു ആ വിയോഗം,  ഇന്നീ വരവേല്‍പ്പിലെ വാത്സല്യത്തിന്റെ ശൂന്യത വിതുമ്പലായനേരം.. വിശ്വാസത്തിന്റെ ശാസനകള്‍ക്ക് വിധേയമായി...! ,  ഏറെ പരിശീലിപ്പിച്ചിരിക്കുന്നു മനസ്സിനെപോലും. .!
    അരപ്പട്ടകള്‍മുറുക്കി  അടങ്ങാനും ഒതുങ്ങാനും മലബാറിയെ മെരുക്കാനുള്ള ഒടുക്കത്തെ മാന സേവനത്തിലാണ്  എയര്‍ഹൂറിമാര്‍ (കാറ്റത്തെ കന്യകമാര്‍) ...  ഇടക്കിടെ മാനക്കേടു വിളംബരം ചെയ്യുന്ന വൈമാനികധര്‍മ്മം.. !  വിസ്മയ പ്പെട്ടിയുടെ  ഇറക്കം വൈകുന്നുണ്ടായിരുന്നു  , പഞ്ഞിക്കെട്ടുകള്‍ പോലുള്ള മേഘക്കൂട്ടങ്ങള്‍ക്കിടയിലൂടെ  ലാന്റിങ്ങിന്റെ വ്യോമയാനപാഠങ്ങള്‍ വായിച്ചെടുക്കാന്‍ വെറുതെ ശ്രമിച്ചുകൊണ്ടിരുന്നു ഞാനും. മേഘപ്പഴുതിലൂടെ എത്തിപ്പെടലിന്റെ ഒരു പടികൂടെ താഴ്ന്നിരിക്കുന്നു ആകാശപേടകം , വിസ്മയം ചാലിച്ചെഴുതിയ വിശ്വകലയെന്നോണം വെണ്‍മേഘങ്ങള്‍ ഇടകലര്‍ന്ന  പച്ചപ്പിന്റെ ഏറ്റക്കുറച്ചിലുകള്‍ അവിസ്മരണീയം ..! ചേതോഹരം തന്നെ കല്പകത്തോപ്പുകളുടെ മുകൾക്കാഴ്ച   .  ദൈവത്തിന്റെ സ്വന്തം കരിപ്പൂരിൽ മാനമേരുവിന്റെ ആഗമനം സുഖമം, മനസൊരുങ്ങിക്കഴിഞ്ഞിരിക്കുന്നു ചിര സ്മൃതികളുടേ മുലക്കച്ചചുറ്റി മാറ്റങ്ങളുടെ മഹാസാഗരത്തില്‍ നിര്‍വൃതിയുടെ നീരാട്ടിന് .
      കുരുക്കി വെച്ച അരപ്പട്ടയില്‍ നിന്നും  ഊരയൂരി മൂരിനിവര്‍ന്നു,  സന്ധികള്‍ മന്ദസ്വരങ്ങള്‍ ചൊരിഞ്ഞു സഹചാരിഫോണുകളുടെ മണിനാദങ്ങളാല്‍ മുഖരിതമായ ഒച്ചപ്പാടിനൊപ്പം വരവറിയിക്കുന്നവരുടെ വാചാലതകളില്‍ മലയാളത്തിന്റെ മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍ മിശ്രിതം വിളമ്പുന്നുണ്ടായിരുന്നു   അനക്കം നിന്നിട്ടില്ലാത്ത മാനവണ്ടിക്കകത്ത്. വിശാലമായ കരിമുറ്റത്തേക്ക് കോണിയിറങ്ങിയപ്പോള്‍  മനം കുളിര്‍പ്പിച്ചതോ മേഘമേലാപ്പില്‍ നിന്നും  വര്‍ഷിച്ച ഇളനീര്‍ മണികള്‍.
            സാമാനപ്പെട്ടികളും കാത്ത് തലചുറ്റുന്നവരുടെ വട്ടകരിപ്പൂർ സമ്മേളനം. പെട്ടീം പ്രാമാണങ്ങളും തള്ള് വണ്ടിയില്‍ അടുക്കി  കെട്ട്യോൾക്കും കുട്ട്യോൾക്കും ഒപ്പം നിര്‍ഗമന കവാടം വഴി പുറത്തേക്ക് , ജ്യേഷ്ടന്റെ ആൺതുണത്വത്തിനു കീഴിൽ വമ്പിച്ചൊരു മാപ്പിളബഹള  എർപ്പാടക്കീട്ടുണ്ട് എന്ന് വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു അനുജൻ. ഗൾഫ് കവാടം വയ്ക്കാത്ത തിളങ്ങുന്ന ശിരസ്സുമായി കാരണപ്പാടിനെ  കണ്ട്  മൂത്തമകൾ മൂത്താപ്പ..! എന്ന് ആശ്ചര്യം കൂറിയതും ഓര്‍മ്മയുണ്ട് . രണ്ട് വണ്ടികളിൽനിന്നും ഇറങ്ങിയ ഒരു ഡസൻ കുട്ടികളിലേറെയും കാണാജനറേഷന്‍....!  നേർപെങ്ങൾസ് രണ്ടാളെയും കണ്ട് ഒരു വ്യാഴ വട്ടത്തിന്റെ മാറ്റങ്ങള്‍ സ്തിരീകരിക്കാനും സേവുചെയ്യാനും നിമിഷങ്ങളെടുത്തു , നേരാങ്ങളയെ കണ്‍കണ്ട അവരുടെ ഫെയ്സ്ബുക്കിലും  അത്ഭുതം വായിച്ചു ലൈക്കി നിന്നു ഞാനും ..!കുറച്ചു നേരം നടന്നതൊക്കെ എന്റെ മോള്‍ തൽസമയം ഇളകും പടമാക്കി പകര്‍ത്തി , വല്ലപ്പോഴും ആ ചലചിത്രം കണ്ടങ്ങിനെ ഇരിയ്ക്കുമ്പോള്‍ ഗ്രഹാതുരത മാറി കരിപ്പൂരാതുരതയാകുന്നുണ്ടോ എന്ന് ചിന്തിക്കാറുണ്ട്.കരിപ്പൂരുവിട്ട വണ്ടികൾ രണ്ടും   നോമ്പ് മാസത്തിലേ മോന്തിത്തിരക്കിൽ ഒരു ലെങ്കോട്ടി പോലെ ഇറുകി നില്‍ക്കുന്ന കൊണ്ടോട്ടിയിലൂടെ  ഇഴഞ്ഞിഴഞ്ഞാണ് നീങ്ങിക്കൊണ്ടിരുന്നത് , കോരിച്ചൊരിയുന്ന മഴ അപ്പോഴും അങ്ങിനെ തന്നെ ചൊരിഞ്ഞു കൊണ്ടിരുന്നു , കുളിരു കോരിയിട്ട വരവേല്‍പ്പിനു നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു ...?!   കാരുണ്യവാനായ ദൈവത്തിനോടല്ലാതെ..
     ആളൊഴുക്കിന്റെ അങ്ങാടി സാന്ദ്രതയില്‍ അനക്കം മുട്ടിയ  മൂവന്തി മഞ്ചേരി , മൂന്ന് പ്രാവശ്യം എണ്ണേണ്ടിവന്നു തൊണ്ണൂറ്റിഒമ്പത് തൊട്ട് കീഴ്പ്പോട്ട് , ഗതാഗത നിയമത്തിലെ പുരോഗമനങ്ങളെ ഓര്‍ത്താവാം ഞാനപ്പോള്‍ കോരിത്തരിച്ചിരുന്നു,  മഴപെയ്യുന്നുണ്ട് ഇപ്പോഴും , മഴക്കാഴ്ചകളില്‍ മനം കുളിര്‍ത്ത് ഞാനും , ചാലിട്ടൊഴുകുന്ന മഴനീര്‍ പാച്ചിലില്‍ മനസ്സും പതഞ്ഞൊഴുകിയപ്പോള്‍  വീടെത്താറായത് അറിഞ്ഞതേയില്ല .അരിക് ചാലുകളറിയിക്കാന്‍ മഞ്ഞവരകള്‍ കൊണ്ട് അതിരുകള്‍ വരച്ചിട്ട റബറൈസ്‌ഡ് റോഡുകളുടെ ധാരാളിത്വത്തില്‍ പരക്കം പായുന്ന ഇരുചക്ര വാഹനങ്ങളുടെ തിരക്കില്‍ യുവത്വത്തിന്റെ പ്രസരിപ്പ് ,  പഴയ പുത്തരിക്കണ്ടങ്ങളും റവറൈസ്‌ഡ്  പച്ചപ്പിലാണ്..  ഏത് കര്‍ക്കിടകത്തിലും ഊറ്റാന്‍ പാകത്തിന്  ഫൈബര്‍  പാവാടകളുടുപ്പിച്ച റബ്ബര്‍ മരങ്ങള്‍ പുരോഗമനങ്ങളൊന്നും അറിയാതെ പഴയപോലെ പുറകോട്ട്  തന്നെ പായുന്നു.
          വീടെത്തിയിരിക്കുന്നു,  ഇക്കാമ വേണ്ടാത്ത , മുന്നൊരുക്കത്തിന്റെ അലറല്‍ കേള്‍ക്കാതെ ഉണരാന്‍ മുപ്പത് ദിന പരോളുമായി  ഞാനെന്റെ തിരുമുറ്റത്ത് എത്തിയിരിക്കുന്നു...
പതിനെട്ടാം വയസ്സിലേക്കുള്ള തിരിച്ചു പോക്കാണെനിയ്ക്കീ  അവധിക്കാലങ്ങള്‍.
ശുഭം.