വേർപെടുത്തിയ കാഴ്ചകൾ

Wednesday, April 27, 2011

ഒരുസന്തോഷവാര്‍ത്ത...

  ഇന്നീ സുദിനം എന്റെ നീണ്ടകാല പ്രവാസത്തിന് പ്രസരിപ്പ് കൂട്ടുന്നു ദൈവഹിതത്തിന് നന്ദിചൊല്ലുന്നു, ഞാനിന്ന് ഏറെ സന്തോഷവാനാണ് , ഇവിടെ സഊദി തലസ്ഥാനമായ റിയാദില്‍ നടക്കുന്ന  പരമ്പരാഗത കലാസാംസ്ക്കാരിക മേളയില്‍  സ്വദേശീ കലാകാരന്മാര്‍ക്ക് ഒപ്പം തന്റെ ഏതാനും പെയിന്റിം‌ഗുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി കിട്ടി എന്റെ  മകള്‍ക്ക് . ഒരുമാസം നീണ്ടു നില്‍ക്കുന്ന ഉത്സവം ഏപ്രില്‍ മുപ്പതിന് അവസാനിക്കുകയാണ്.. ആദ്യംതൊട്ടേ ആവേശകരമായ പ്രതികരണങ്ങളാണ്  ഇന്‍ഡ്യന്‍ കലാകാരി ആരിഫയുടെ പിതാവെന്നനിലയില്‍ പ്രദര്‍ശന വേദിയില്‍ നിന്നും ഞാന്‍ അനുഭവിച്ചത്.
   സൌദി പാരമ്പര്യ കലാസാംസ്ക്കാരിക ഉത്സവത്തിന് വയസ്സ് ഇരുപത്തിയാറ് ,അത്രതന്നെയായി ഈയുള്ളവന്റെ പരദേശത്തിനും പ്രായം  .
  പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പരദേശത്തിന് പാസ്പ്പോര്‍ട്ടൊരുക്കിയത് ഒരുവരപ്പണിക്ക് വേണ്ടി ആയിരുന്നു , പഠിച്ചും കളിച്ചുമൊക്കെ വരച്ചിരുന്നത് കൂലിക്ക് വരച്ചുതുടങ്ങിയപ്പോള്‍ വരവിലേറെ നന്നായത് വരയായിരുന്നു , അറബിക് കാലിഗ്രഫിയിലും ചിത്രകലയിലെതന്നെ  കേട്ട്മാത്രം അറിഞ്ഞിരുന്ന വിവിധസങ്കേതങ്ങളും പരീക്ഷിക്കാനും താത്പര്യമുള്ളതിനെ പരിപോഷിപ്പിക്കാനുമൊക്കെ ഒരുപാട് വളക്കൂറേകിയ  പ്രവാസത്തിന് ഈ അവസരത്തില്‍ നന്ദി പറയുന്നു. എന്റെ സന്തോഷം എല്ലാരുമായി പങ്ക് വെക്കുന്നു..

www.risamaarifa.blogspot.com   

www.risamajumana.blogspot.com

സ്നേഹപൂര്‍വ്വം ഇസ്‌ഹാഖ്.                           ഉത്സവഗ്രാമത്തിലേ  അല്‍ഖസീം പ്രവിശ്യാ സാന്നിദ്ധ്യം.

അറബി പത്രം അല്‍‌യൌമില്‍  ആരിഫയുടെ കലാ വൈഭവത്തേകുറിച്ചു വന്ന വാര്‍ത്ത
            മലയാള പത്രം തേജസ്സ്  ആരിഫാ ജുമാന സഹോദരിമാരേ കുറിച്ച് പറഞ്ഞത്
      ഗള്‍ഫ് മാധ്യമവും വാര്‍ത്ത കൊടുത്തു  സഹോദരിമാരുടെ കലാനൈപുണ്യത്തെ പറ്റി..

                         പൌരാണികത പുനരാവിഷ്കരിച്ച പ്രദര്‍ശനാങ്കണത്തില്‍ നിന്നും
                                           പണത്തൂക്കത്തിലെ പ്രൌഢി പഴമയിലും..! (1)
 

                                        പ്രൌഢമായ പഴമ ഖസീമിന്റെ  വില്ലേജില്‍ നിന്നും
                                       കരവിരുതും പൌരാണികതയും പുതുമൊഞ്ചില്‍
                               സന്ധ്യയോടൊപ്പം തിരക്കേറുന്ന ജനാദ്രിയാ നിരത്തുകള്‍.
ഈവര്‍ഷം അതിഥിരാജ്യം ജപ്പാനായിരുന്നു.(ജപ്പാന്‍ ഒരുക്കിയ പ്രദര്‍ശനവേദി -ഒരു പുറം കാഴ്‌ച)

Sunday, April 17, 2011

മീറ്റ് ചിത്രങ്ങള്‍...

സൌഹൃദത്തിന്റെ ഇത്തിരിക്കൂട്ടം..
സൌഹാര്‍ദ്ദത്തിന്റെ വിഷുപ്പൂത്തിരികളുമായി  മറ്റൊരു വെള്ളിയാഴ്‌ച വിഷു..!
സമൃദ്ധിയുടെ പ്രകൃതി വര്‍ഷം കണികണ്ടാണുണര്‍ന്നത്..
വരും വഴികളിലും മഴപെയ്തിരുന്നു..!


ഇരിക്കുന്നവര്‍: ഇടത്തു നിന്ന്/സബീന എം സാലി  (മണല്‍ ഗ്രാമം) -  റഫീഖ് പന്നിയങ്കര  -  അബ്ദുല്‍ ഹക്കീം കമ്പര്‍  (മെര്‍മാന്‍) -  എസ്.എന്‍ . ചാലക്കോടന്‍ (പാവപ്പെട്ടവന്‍) -  സുനില്‍ കുമാര്‍ (വായനശാല)  -  സലാം പൊറ്റേങ്ങല്‍ (കല്പകഞ്ചേരി ക്രോണിക്കിള്‍സ്)  -  
നില്‍ക്കുന്നവര്‍: ഇടത്തുനിന്ന് / മുഹമ്മദ്സാലി  - നൌഷാദ് കിളിമാനൂര്‍ (ഇതള്‍) - ആസാദ് ( ആര്‍ദ്രമാനസം) കബീര്‍ കണിയാപുരം (ഗള്‍ഫ് കുട്ടപ്പന്‍) -  ഇസ്‌ഹാഖ് (ഇസ്‌ഹാഖ്) -  അബ്ബാസ് നസീര്‍(അബ്ബാസ് നസീര്‍) - നജീം കൊച്ചുകലുങ്ക്( സ്ലേറ്റ്) -  അബ്ദുല്‍ ഗഫൂര്‍    -   അബ്ദുള്‍മുനീര്‍ (സ്കെച്ച് 2 സ്കെച്ച്)  - നൌഷാദ് കുനിയില്‍ (നൌഷാദ് കുനിയില്‍)  -  ഹസന്‍ റസാഖ് (ഭീമാപള്ളി)  -  പട്ടേപാടം റാംജി (കഥകള്‍)  ഫൈസല്‍ കൊണ്ടോട്ടി(സഫ മര്‍വ)

 
അറിയിച്ചതിലേറെ കാല്‍മണിക്കൂര്‍ വൈകിയാണ് പാവപ്പെട്ടവനെ തേടി എത്തിയത്..
  ഈബ്ലോഗ്ഗേഴ്‌സ് മീറ്റ് നടക്കുന്ന സ്ഥലം..?
ഞങ്ങളും അങ്ങോട്ടാ.. 
ഞാന്‍ ഭീമാ പള്ളി..ഹലോ... ഞാന്‍ ഹസ്സന്‍...
ഒരു കൊച്ചു കുശലം, പിന്നെ ഒരുമിച്ചായി , രണ്ട് ഫോളോവേഴ്‌സും ഭീമാപള്ളിയും..
എന്റെ പള്ളീ....
പടികള്‍കേറി സംഗമ വേദിയിലേക്ക്
തിടുക്കത്തിലതാ   പടിയിറങ്ങുന്ന രണ്ട് പേര്‍...
പ്രൊഫൈലിലേ പാവപ്പെട്ട വരകള്‍ മനസ്സില്‍ കോറിയിട്ട രൂപത്തിന്റെ ഈസ്റ്റ്മാന്‍ കളര്‍ചലചിത്രം!
ഹൃസ്വമായ ഉപചാരങ്ങളും കടന്ന് കസേരക്കൂട്ടങ്ങള്‍ക്കിടയില്‍ മൂന്ന് പേര്‍
പോസ്റ്റിനൊപ്പം പറന്നെത്തുന്ന കമന്റുകാരന്‍ പട്ടേപാടം റാംജി സ്പീക്കിങ്  പ്രൊഫൈല്‍ മനപ്പാടമാക്കിയ കുപ്പായത്തിലല്ലാതെ..! ഗള്‍ഫ് കുട്ടപ്പന്‍ - കബീര്‍, റാംജി വരയിലേതുപോലെ സ്കെച്ചില്‍ നിന്നും സ്കെച്ചിലേക്ക്  - നേര്‍ത്തൊരു മുനീര്‍,

     തുടക്കത്തില്‍ നാലഞ്ച് പേര്‍  മുഖാമുഖം ,
പരസ്പരം കാണാതെ അറിഞ്ഞിരുന്നവര്‍ ,അകലങ്ങളില്‍ അടുത്തവര്‍ ബ്ലോകുലകത്തിന്റെ കാണാമറയത്ത്നിന്നും ഭൂലോകത്തിന്റെ  യാഥാര്‍ത്ഥ്യങ്ങളില്‍ സൌഹൃദം വിതറിയ വിശേഷ വിഷു..!
ഔപചാരികതകളില്ലാതെ  സൌഹാര്‍ദ്ദത്തിന്റെ കസേരവട്ടം വലുതായിക്കൊണ്ടിരുന്നു.
   അബ്ബാസ് നാസര്‍,  കഥകളുടെ  പട്ടേപാടത്തുകാരന്‍ റാംജി, വായനശാലയിലൂടെ  ബ്ലോഗ്ഗറിവുകള്‍ പകരുന്ന സുനില്‍കുമാര്‍, ഗള്‍ഫ് കുട്ടപ്പന്‍ കബീര്‍ കണിയാപുരം,പാവപ്പെട്ടവന്‍,കല്പകഞ്ചേരി ക്രോണിക്കിള്‍സ് സലാം പൊറ്റേങ്ങല്‍, ഇതള്‍ നൌഷാദ് കിളിമാനൂര്‍,നൌഷാദ് കുനിയില്‍, ഏകവനിതാ സാന്നിദ്ധ്യമായി മാറിയ അറിയപ്പെടുന്ന  എഴുത്തുകാരി സബീന എം സാലി, സബീനയുടെ സാലിയും, അബ്ദുള്‍ഹക്കീം കംബര്‍,സ്കെച്ചിന്റെ അബ്ദുല്‍ മുനീര്‍,   സ്ലേറ്റിന്റെ നജീം കൊച്ചു കലുങ്ക്,  സഫാ മര്‍വ്വയുടെ ഫൈസല്‍ കൊണ്ടോട്ടി ,ആര്‍ദ്രമാനസത്തിന്റെ ആസാദ് , ഭീമാപള്ളിയുടെ ഹസ്സന്‍ റസാഖ്, ഇസ്‌ഹാക്.
     വെള്ളിയാഴ്‌ചയുടെ പ്രാര്‍ത്ഥനാനിര്‍ഭരമായ പുറംകേള്‍വികള്‍ ആത്മീയമായ പതിവ് വെള്ളിയാഴ്ച ക്കൂടലിന്  പിരിഞ്ഞു,


  പള്ളികഴിഞ്ഞെത്തിയതും സദ്യവട്ടമായി,  വട്ടം വെടിഞ്ഞവര്‍  മേശകള്‍ക്കിരുപുറം  സൌഹാര്‍ദ്ദം വിളമ്പുകയായിരുന്നു..! തൂശനിലയില്‍ വിഭവ ഭാഹുല്യങ്ങളില്ലാത്ത വിഷു വിരുന്നിന്  സ്വാദേറെയായിരുന്നു.  പായസ്സം കഴിച്ചിട്ടും  കുട്ടയില്‍കണ്ട പപ്പടത്തേ കുറിച്ചാരും ഒന്നും പറഞ്ഞില്ല.
പപ്പടമില്ലെങ്കിലെന്താ പാവപ്പെട്ടവനില്ലേ എന്നാ‍രോപറഞ്ഞതും സദസ്സില്‍ ചിരിപടര്‍ത്തി.
  മുന്‍ നിശ്ചയങ്ങളും രൂപരേഖകളും  ഊഷ്മളമായ ചങ്ങാത്തത്തിന് വഴി മാറി, വൈകാതെ വിപുലമായ ചിട്ടവട്ടങ്ങളോടെ കൂടാമെന്ന്  പ്രത്യാശകളും കൈമാറി വിടചൊല്ലിയപ്പോള്‍  കമന്റ്കോളങ്ങളിലെ ചുരുക്കെഴുത്തുകളിലേക്കും, പ്രോഫൈല്‍ചിത്രങ്ങളിലെ ചതുരങ്ങളിലേക്കും ചുരുങ്ങാതിരിക്കാം നമുക്കെന്ന് ആശംസിക്കുന്നു.

 ഇനിയെന്ന്...!!!???...

Friday, April 08, 2011

പാഠം ഒന്ന് :ബത്ത.....

      നിലം‌ബൂരങ്ങാടിയും കോഴിക്കോട് അങ്ങാടിയും കഴിഞ്ഞ് മൂന്നാമത് ഞാന്‍ കണ്ട അങ്ങാടിയാകാന്‍ ശരിക്കും യോഗ്യത ഈ ബത്ത അങ്ങാടിക്ക് തന്നെയാകുമായിരുന്നു ഐവിശശിയുടെ അങ്ങാടി അതിനിടക്ക് കണ്ടില്ലായിരുന്നെങ്കില്‍, ഇനിപറഞ്ഞിട്ട് കാര്യമില്ല കണ്ട്പോയില്ലേ, ബത്തയിലേക്ക്  വണ്ടികാത്ത് നിന്നപ്പോള്‍  മനസ്സില്‍ കുറിച്ചിട്ട  ഈ വരികളാവട്ടേ  ഈ ഓര്‍മ്മക്കുറിപ്പിന്റെ ആദ്യവരികള്‍.

          കൂറ്റന്‍ ഗോപുരങ്ങളിലും പള്ളിമിനാരങ്ങള്‍ക്കും മീതേ ഞാത്തി വിതാനിച്ചൊരു മേലാപ്പു പോലെയാണു ആകാശം, രാക്കൂടാന്‍ ചോന്ന പകലിന്റെ സ്വര്‍ണ്ണവര്‍ണ്ണത്തില്‍ അതിര്‍വരകള്‍ തീര്‍ക്കുന്ന മഴമേഘപ്പറ്റങ്ങള്‍, നേരം മങ്ങുന്നതിനൊപ്പം മിഴിതുറക്കുന്ന വഴിവിളക്കുകള്‍ ഓട്ടഗോപുരത്തിന്റെ ചില്ലുപെരുമ  രാജകീയമായിത്തന്നെ തിളങ്ങുന്നുണ്ട് മഗ്‌രിബിന്റെ പൊന്നൊളിയില്‍ ,  ഫൈസലിയാ സമുച്ചയത്തിന്റെ നെറുകയിലെമുനയും ത്രികോണചില്ലുകള്‍ കൂട്ടി തീര്‍ത്ത കണ്ണാടിപ്പന്തും താഴ്ന്നലയുന്നൊരു മഞ്ഞ് പാളിയില്‍ മങ്ങിത്തെളിഞ്ഞു , സായാഹ്നത്തിന്റെ സാന്ദ്രതയേറിയ നിരത്ത് കാഴ്ച, ബത്തയോടടുക്കും തോറും ബത്തക്കാഴ്ചകളോട് പൊരുത്തപ്പെടാന്‍ മനസ്സിനെ പാകപ്പെടുത്തുകയായിരുന്നു.


   ബഹളങ്ങളുടെ,ബാഹുല്യങ്ങളുടെ,ബദ്ധപ്പാടുകളുടെ,ബാന്ധവങ്ങളുടെ ബത്ത,
മൌനവുംവാചാലതയും ഇടകലര്‍ന്നബത്ത, ഞാനീ ഇഴയുന്നത് ഇടതൂര്‍ന്നൊരു വെള്ളിയാഴ്ച ബത്തയിലൂടെ. പതിഞ്ഞസ്തായിയില്‍ മാത്രം കുഴല് വിളികള്‍ കാതിലോതിയിരുന്ന പൂര്‍വ്വബത്ത, അത് ഹുണ്ടികളുടെ കാലം ,  അലച്ചിലുകള്‍ക്കിടയില്‍ തോണ്ടിഉണര്‍ത്തുന്ന അതിന്റെ ഇടുങ്ങിയ വേര്‍തിരിവുകള്‍.അതിവേദനയില്‍നിന്നും വേതനം വിഭജിക്കുന്ന വാചാലതകളുടെ വ്യാകുലപ്പൂക്കള്‍ നട്ട്നനക്കുന്ന പൂപ്പാലകരുടെ അകബത്ത,  വൈവിദ്ധ്യങ്ങളേറെയാണു ഉള്‍ബത്തകള്‍ക്ക്, മുക്കുകളും മൂലകളോരോന്നും വിലാസങ്ങളാണിവിടെ, തൂണുകളും തോരണങ്ങള്‍ പോലും വഴികാട്ടികളാകുന്ന  ബത്ത.
     താമ്പൂലച്ചാറ് മൂത്രത്തിലലിയുന്നേടം വണ്ടിപ്പാച്ചിലില്‍ പുളയുന്ന പാലച്ചോട് !.. ഈ സാന്നിദ്ധ്യം മണത്തുമറിയാം, മലയാളത്തിന്റെ മണം, പാലവും ചുമന്ന് രാവേറുവോളം എത്രകുടുംബങ്ങളുടെ നെടും തൂണുകളാണു ഇവിടെ. പാത്തും പതുങ്ങിയും പാത്താനെത്തുന്നവരുടെ ഭവ്യത, ഒന്നിനു മാത്രം പോന്നവര്‍ രണ്ടുംതീര്‍ത്ത് മടങ്ങിയിരുന്ന പാലച്ചോടിന്ന് കമ്പികെട്ടിക്കാക്കുന്നു പഴയ പരദേശത്തിന്റെ മൂത്രസാക്ഷി മണ്ഡപം കണക്ക് ,   ഇളം വെളിച്ചത്തിന്റെ  ആനുകൂല്യത്തില്‍ അന്തിക്കച്ചോടത്തിന്റെ വിപണന മന്ത്രണങ്ങളില്‍ മലയാളം ഏറെയുള്ള ബത്തക്കവാടമാണിനി.

     ഒരുവ്യാഴവട്ടത്തിനും മുമ്പായിരിക്കാം പിരാന്തന്‍ പാലത്തിന്റെ പരക്കം പാച്ചിലില്‍ ദിക്ക്തെറ്റാതെ മദ്ധ്യാഹ്ന വിശ്രമത്തിന് വരലബ്ദിപോലെ കനിഞ്ഞ് കിട്ടിയിരുന്ന  അല്പമണിക്കൂറുകളെ ദാക്ഷിണ്യമേതുമില്ലാതെ ഹനിച്ച് ഇടക്കൊക്കെ ബത്തയിലെത്തണമായിരുന്നു എനിക്ക് ..  പ്രിയപ്പെട്ട ഉമ്മാക്ക്  എന്റെകുരള്‍ കേള്‍ക്കാന്‍, നോവിന്‍ നെരിപ്പോടിലെ ചെങ്കനലുകളെ  ഊതിത്തെളിയിക്കാന്‍..., കടലാസ്സ് റിയാല്‍ മാറ്റിയാല്‍ കിട്ടുന്ന നാണയത്തുട്ടുകള്‍ അടുക്കിയും എണ്ണിയുമുള്ള നീണ്ട കാത്തുനില്‍പ്പുകള്‍ക്ക് അറുതിയായ് പലപ്പോഴും കുറ്റിനിറയലെന്ന പ്രതിഭാസം  പഴയകഥ! . ദീരയില്‍ വന്ന് ഇക്കാമകാട്ടി  ആ ഫോണ്‍കൂടിനൊന്നിന് മുമ്പില്‍ വരിനിന്ന്  അത് വരെ സംഭരിച്ച സകലനിയന്ത്രണങ്ങളും ചങ്ങല പൊട്ടിച്ച് സ്ഥലകാലങ്ങള്‍ മറന്ന് ഉമ്മാ.. എന്ന് ഞാന്‍ ഉള്ളാക്കിട്ടതിനും എന്റെ ഉമ്മ മരിച്ചനാളില്‍ ഈ അങ്ങാടി സാക്ഷി  പിന്നീടിന്നോളം ഞാന്‍ കരഞ്ഞിട്ടില്ല!!

   കുഴല്‍ കാത്തും കുഴലാല്‍ കടാക്ഷിച്ചും കഴിഞ്ഞവരുടെ ബീഡിച്ചൂരില്‍ ചാര്‍സോ ബീസ് ചാലിച്ചാല്‍ കിട്ടുന്ന കോളാം‌ബിഗന്ധം ചേക്കയിരിക്കുന്ന കുടുസ്സ്മുറികളേറെയുള്ള ബത്തയുടെ അകക്കരുത്ത്, പുതിയമുദ്രകള്‍ പതിച്ച ഇക്കാമകള്‍ കാക്കാന്‍, ഖഫീലിന്റെ പ്രീതിക്ക് വേണ്ടി നിര്‍ലോഭമായ സമയക്രമങ്ങളില്‍ പ്പണിപ്പെടുന്നവരുടെ ബത്ത.

                ചത്രപതിവിട്ട് കൊച്ചിയും കടന്ന് കരിപ്പൂരോളം പാറിത്തുടങ്ങി മലയാളി, കാപ്പി നിറമുള്ള ചുരുട്ടിക്കൂട്ടിയ ഓലകളില്‍ പാട്ടും പ്രസംഗങ്ങളും പേറുന്ന രണ്ടോട്ടയുടെ കാസറ്റ്കാലവും മാറി ,പകരം ഘനം കുറഞ്ഞ് ഞഞ്ഞാ പിഞ്ഞാ കറങ്ങ്ണ കോമ്പാക്റ്റ് അപ്പങ്ങള് കയ്യാളാന്‍ തുടങ്ങി പാട്ടിന്റെ ചന്തകള്‍!,  വിപണിയുടെ ബത്ത വികസിച്ചു കൊണ്ടേയിരുന്നു,ബഡായികളുടെ ബത്ത,ബഡാ ഭായിമാരുടേയും,കാത്തിരിപ്പിന്റെ മുഷിപ്പന്‍ മുഖങ്ങള്‍, കണ്ടെത്തലിന്റെ മുഗ്ദദൃശ്യങ്ങള്‍, വേര്‍പിരിയലിന്റെ ആര്‍ദ്രഭാവങ്ങള്‍, കൌതുകത്തിന്റെ കാപട്യത്തിന്റെ കുതൂഹുലമയമായ ബത്ത!.

    ബത്ത,ബെത്ത,ബൊത്ത,ബറ്റ,ബത്ഹ,പാരാവാരംപോലെയീ പാരിടഛേദം!. ബത,സന്തോഷ വിസ്മയാദികളേ ദ്യോതിപ്പിക്കുന്ന ശബ്ദം എന്ന് മലയാള നിഘണ്ഡുവില്‍ കണ്ടു,ബത്തയെന്നാല്‍ അധിക വേതനമെന്നും അറബിയില്‍ മണല്‍ കൂമ്പാരമെന്നും വിവക്ഷയുണ്ട്!..
ഇതെല്ലാം അന്വര്‍ത്ഥമാക്കുമീ മഹാനഗരം!...?
  ബന്ധുരമായബത്ത,പ്രഭാപ്രളയത്തിലാറാടുന്ന പ്രവാസരാവുകളില്‍ ശ്യാമസാന്ദ്രമായ ഇടവഴികളുടെ ഇരുണ്ട ബത്ത!. ഇത് യമനിസൂക്ക്, കേരളാ ചന്ത , ഫിലിപ്പിനോ മാര്‍ക്കെറ്റ്, ബംഗ്ലാഗല്ലി അറബിയ്ക്ക് മാര്‍ക്കറ്റില്ലാത്ത ഏകഅങ്ങാടിയും ബത്ത തന്നെയാവും..!?

    പ്രവാസക്കളരിയുടെ വെട്ടിനും തടവിനും മെയ്യും മനസ്സും പാകപ്പെടുത്തുന്നവന്റെ പ്രസരിക്കുന്ന പരവേശത്തിന്റെ കരിന്തിരി  വെളിച്ചത്തില്‍  മിന്നിയും തെളിഞ്ഞും ബത്ത ..!
അണയുന്നതിനു മുമ്പ് പലവട്ടം ആളിനോക്കണം പെടാപാടിന്റെ പ്രവാസത്തിന്
ഈ കത്തിക്കാളലിനും കരുത്തും ബര്‍ക്കത്തും ബത്തയല്ലാതെ മറ്റെന്ത്..!?
ബത്തവളരുകയാണു വളര്‍ച്ചകള്‍ക്കൊപ്പം തിരക്കിലൂടെ, വൈവിദ്ധ്യങ്ങളിലൂടെ വിസ്മയങ്ങളും വിതറി !  ബത്തേമാതരം.... 

 ( സഊദി അറേബ്യയുടെ തലസ്ഥന നഗരമായ റിയാദിലാണ്  ബത്ത അങ്ങാടി..  പ്രവാസം തുടങ്ങാനും ഒടുങ്ങാനും എന്നപോല വല്ലപ്പോഴും ഒന്ന്  ഒത്ത്കൂടാനും  ബത്താം ദേഹികള്‍ കൂട്ടമായെത്തുന്ന ഉത്സവ ബത്ത..! പണ്ടൊക്കെ ഒരുവെള്ളിയാഴ്‌ച ബത്ത പ്രവാസിക്ക്  ശം‌മ്പളത്തിനൊപ്പമുള്ളൊരു ക്ഷേമബത്ത തന്നെയായിരുന്നു..! )